തൃശൂർ: വാടാനപ്പള്ളിയിൽ ‘വോട്ടിന് കിറ്റ്’ ആരോപണത്തിൽ പ്രതിഷേധത്തിനിടെ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെ അറസ്റ്റ് ചെയ്ത് പൊലീസ്. കിറ്റ് സൂക്ഷിച്ചിരുന്ന ഗോഡൗണിന് മുൻപിൽ പ്രതിഷേധിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. പ്രതാപനെ കൊണ്ടുപോയ പൊലീസ് വണ്ടി തടയാൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു.
കിറ്റ് കൊടുത്ത ബിജെപി, യുവമോർച്ച നേതാക്കൾ ഉണ്ടായിട്ടും തന്നെ അറസ്റ്റ് ചെയ്തെന്നും ആർഎസ്എസിന്റെയും ബിജെപിയുടെയും ഇണ്ടാസുകൾക്ക് മുന്നിൽ ഭയപ്പെടില്ല എന്നും അറസ്റ്റിനിടെ ടി എൻ പ്രതാപൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടി കിറ്റ് കൊടുക്കുന്നത് എല്ലാവരും കണ്ടു. ഇതിനെയെല്ലാം മണലൂരിലെ ജനങ്ങൾ പ്രതിരോധിക്കുമെന്നും തന്നെ കസ്റ്റഡിയിൽ എടുക്കാൻ പാടില്ലാത്തതാണ് എന്നും ടി എൻ പ്രതാപൻ പറഞ്ഞു.
സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിന്നിരുന്നത്. ബിജെപി-യുഡിഎഫ് പ്രവർത്തകർ ഉച്ച മുതൽ വലിയ പ്രതിഷേധമാണ് അഴിച്ചുവിട്ടത്. ഇതിനിടെ യുഡിഎഫ് പ്രവർത്തകർ ഗോഡൗണിന് മുൻപിൽ കുത്തിയിരുന്നു. ഇതോടെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്ന പ്രതാപനെ പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കേണ്ടിവന്നത്. പ്രതാപനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് ബിജെപി പ്രവർത്തകർ കൂകിവിളിച്ചു.


