മധ്യപ്രദേശിലെ സെഹോറിൽ നടന്ന ഒരു വലിയ മതസമ്മേളനത്തിൽ ഏകദേശം 11,000 ലിറ്റർ പാൽ ഉപയോഗിച്ച് ഭക്തർ വിപുലമായ പ്രതിഷ്ഠാ ചടങ്ങ് നടത്തി. ക്ഷേത്രപരിസരം ഭക്തിയുടെയും അളവിന്റെയും ശ്രദ്ധേയമായ ഒരു ദൃശ്യമായി മാറി. ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബെരുണ്ട മേഖലയിൽ സ്ഥിതി ചെയ്യുന്ന സത്ദേവിലെ പടാലേശ്വർ മഹാദേവ് ക്ഷേത്രത്തിലാണ് പരിപാടി നടന്നത്.
വലിയ ചർച്ചകളും തർക്കങ്ങളുമാണ് ഇതിന് പിന്നാലെ നടക്കുന്നത്. നർമ്മദാ നദിയിൽ ലിറ്റർ കണക്കിന് പാൽ ഒഴുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായാണ് ഇത് നടത്തിയത് എന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. അതേസമയം, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങളുള്ളപ്പോൾ ഈ ചെയ്യുന്നത് തെറ്റാണ് എന്നും പരിസ്ഥിതിയെ ഇത് ദോഷമായി ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
സെഹോർ ജില്ലയിലെ സത്ദേവ് ഗ്രാമത്തിലുള്ള ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ചൈത്ര നവരാത്രിയോടനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ഭാഗമായിട്ടാണത്രെ പാൽ ഒഴുക്കിയത്. ദിവസവും 151 ലിറ്റർ പാൽ വീതമാണ് നദിയിൽ ഒഴുക്കിയത്. അവസാന ദിവസമായ ബുധനാഴ്ച മാത്രം ഏകദേശം 11,000 ലിറ്റർ പാലാണ് നർമ്മദയിലേക്ക് ഒഴുക്കിയത്. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ഈ ചടങ്ങുകൾ സംഘടിപ്പിച്ചത്.
എന്നാൽ, വീഡിയോ വൈറലായി മാറിയതോടെ ഇതിനെതിരെ വിമർശനം ഉയരുകയായിരുന്നു. മധ്യപ്രദേശിലെ ദശലക്ഷക്കണക്കിന് കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്ന സമയത്താണ് ഇത്രയധികം പാൽ നദിയിൽ ഒഴുക്കി പാഴാക്കുന്നത് എന്നായിരുന്നു ഒരു പ്രധാന വിമർശനം. മാത്രമല്ല, നദിയിൽ ഇത്രയധികം പാൽ ഒഴുക്കുന്നത് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. ഇത് ജലത്തിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുകയും ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും ഇവർ ആരോപിച്ചു.


