ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാമക്കലിൽ കരിങ്കൊടി കാണിക്കുകയും ബില്ലിന്റെ പകർപ്പ് കത്തിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിലാണ് ആദ്യം കരിങ്കൊടി ഉയർത്തിയത്. ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നത്.
മണ്ഡല പുനർനിർണയ ബില്ലിലൂടെ തമിഴരെ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലൊട്ടാകെ പ്രതിഷേധത്തിന്റെ തീ ആളിക്കത്തട്ടെയെന്നും, ഫാഷിസ്റ്റ് ബി ജെപിയുടെ ധാർഷ്ഠ്യം അവസാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1950കളിലെയും 1960കളിലെയും ഇന്ത്യയെ പിടിച്ചുലച്ച ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ മണ്ഡല പുനർനിർണയവുമായി താരതമ്യം ചെയ്ത് സ്റ്റാലിൻ, ‘ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായി അന്ന് തമിഴ്‌നാട്ടിൽ നിന്ന് ഉയർന്നുവന്ന പ്രതിഷേധത്തീയിൽ ഡൽഹി വിയർത്തു. ഡൽഹി വഴങ്ങിയ ശേഷമാണ് അന്ന് ആ തീ കെട്ടത്. തമിഴരെ നമ്മുടെ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കി മാറ്റാൻ ശ്രമിക്കുന്ന ഈ കരി നിയമത്തിന്റെ പകർപ്പ് ഇന്ന് കത്തിച്ചുകൊണ്ട് ഞാൻ ആ തീ വീണ്ടും ആളിക്കത്തിക്കുകയാണ്. ഈ തീ ദ്രാവിഡ ഭൂമിയിലുടനീളം പടരും, ബിജെപിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

