ന്യൂഡല്‍ഹി: ആകാംക്ഷയ്ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്ന് ചേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം
കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് വിവരം. ഒരു മണിയോടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ ചർച്ചകളെല്ലാം പൂർത്തിയായതായി എഐസിസി മാധ്യമവിഭാഗം ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ ജയറാം രമേശ് അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാൻഡ് തീരുമനം മുദ്രവെച്ച കവറില്‍ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷി യോഗത്തില്‍ എത്തിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ചേരുക. നിർണായക യോഗത്തില്‍ ദീപാ ദാസ്മുൻഷിയും രണ്ട് നിരീക്ഷകളും പങ്കെടുത്തേക്കും. യോഗത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിസ്ഥാനത്തെത്താൻ നീക്കം നടത്തുന്ന എംഎല്‍എമാരോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്
എല്ലാ എംഎല്‍എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നല്‍കിക്കഴിഞ്ഞു. ഘടകകക്ഷി എംഎല്‍എമാരോടും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നല്‍കി. യുഡിഎഫ് ഘടകകക്ഷികളുടെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ഉച്ചയ്ക്കു രണ്ട് മണിക്ക് നടക്കും. തുടർന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സർക്കാർ രൂപവത്കരണത്തിനായി ഗവർണറെ കാണുക. പിന്നാലെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള നടപടികള്‍ പൂർത്തിയാക്കും.
നിർണായക യോഗത്തില്‍ പങ്കെടുക്കാൻ വിഡി സതീശൻ ആലുവയിലെ വസതിയില്‍ നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ അവസാനവട്ട ചർച്ചകള്‍ തുണച്ചെന്ന ആത്മവിശ്വാസത്തിലാണ് സതീശൻ വിഭാഗം. പ്രതീക്ഷയോടെ തന്നെയാണ് രമേശ് ചെന്നിത്തലയുള്ളത്. വിഡി സതീശൻ, കെസി വേണുഗോപാല്‍ മത്സരം രുക്ഷമായതിനാല്‍ സമവായ സാഹചര്യം തനിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ.
രാഹുല്‍ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിലടക്കം ചർച്ച നടത്തിയ സാഹചര്യത്തിലാണ് പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്. രാഹുല്‍ – ഖാർഗെ ചർച്ച ഏറെ നേരം നീണ്ടുനിന്നെങ്കിലും പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന റിപ്പോർട്ടുകള്‍ ബുധനാഴ്ച ഉച്ചയോടെ പുറത്തുവന്നതോടെ വിഡി സതീശൻ്റെയും രമേശ് ചെന്നിത്തലയുടെയും വസതികളില്‍ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു.


