കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും ചികില്‍സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന് പരാതി. മേപ്പയ്യൂര്‍ സ്വദേശി രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈ ആണ് പ്രസവത്തിനിടെ ഒടിഞ്ഞത്. കുട്ടിയുടെ തുടര്‍ചികില്‍സയിലും വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു.
ഈ മാസം ആറാംതീയതി ആയിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ എന്‍ഐസിയു യൂണിറ്റില്‍ അഡ്മിറ്റ് ആക്കി. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് പരിശോധന നടന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ് ചുറ്റിയെന്നും രണ്ട് ദിവസം കഴിഞ്ഞ് പരിശോധിക്കാന്‍ പറഞ്ഞെങ്കിലും ഡോക്ടര്‍ വന്നിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് സുപ്രണ്ടിന്റെ വാദം.


