സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.



ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 26 ഓടെ എത്താന്‍ സാധ്യതയുണ്ട് (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം). തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: