പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി ബിജെപി സർക്കാർ


കൊൽക്കത്ത:പശ്ചിമ ബംഗാളിൽ ഒബിസി സംവരണം റദ്ധാക്കി സുവേന്ദു അധികാരിയുടെ ബിജെപി സർക്കാർ. കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നയമാറ്റം സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് മതപരമായ വേർതിരിവുകളുടെ അടിസ്ഥാനത്തിൽ നൽകി വന്നിരുന്ന എല്ലാ സർക്കാർ ആനുകൂല്യങ്ങളും പദ്ധതികളും ജൂൺ മാസം മുതൽ നിർത്തലാക്കാനും സംസ്ഥാന ക്യാബിനറ്റ് തീരുമാനിച്ചു. ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്‌സ്, ന്യൂനപക്ഷ കാര്യ-മദ്രസ വിദ്യാഭ്യാസ വകുപ്പുകൾ മുഖേന നടപ്പിലാക്കിയിരുന്ന ഇത്തരം പദ്ധതികളാണ് ഇതോടെ അവസാനിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കും.

മുൻ മമത ബാനർജി സർക്കാരിന്റെ കാലത്ത് 77 സമുദായങ്ങളുടെ ഒബിസി പദവി റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ 2024ലെ ഉത്തരവിനെതിരെ സുപ്രിംകോടതിയിൽ നൽകിയിരുന്ന ഹരജി പുതിയ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. ഇതിന് പിന്നാലെയാണ് നിലവിലുള്ള ഒബിസി പട്ടിക പൂർണമായും റദ്ദാക്കിയത്. പുതിയ സാഹചര്യത്തിൽ ഒബിസി സംവരണത്തിനുള്ള യോഗ്യതയും മാനദണ്ഡങ്ങളും ശാസ്ത്രീയമായി നിശ്ചയിക്കുന്നതിനായി ഒരു പ്രത്യേക പാനൽ രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

2011ൽ തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിതരണം ചെയ്ത 1.69 കോടിയോളം വരുന്ന എസ്‌സി, എസ്ടി, ഒബിസി സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിക്കാനും പുതിയ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു എന്ന് ആരോപിച്ചാണ് ഇത്. മുൻ സർക്കാരിന്റെ കാലത്ത് ‘ദുആരെ സർക്കാർ’ പദ്ധതിയിലൂടെ നൽകിയ സർട്ടിഫിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു. അനധികൃതമായി ആർക്കെങ്കിലും സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.                           

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: