തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും വടക്കൻ തീരമേഖലകളിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത പ്രവചിക്കുന്നത്.
അതേസമയം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും തീരപ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ മറ്റന്നാൾ ഉച്ചയ്ക്ക് 2.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 0.9 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാമെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.


