കോഴിക്കോട്: പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാർ കത്തി മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നതിനിടെ, മരിച്ച സോനയുടെ ഭർത്താവ് റിജിൻലാലിന്റെ പിതാവ് രാജൻ പ്രതികരണവുമായി രംഗത്ത്. സോനയും റിജിൻലാലും കഴിഞ്ഞ മൂന്ന് വർഷമായി സന്തോഷകരമായ ജീവിതമായിരുന്നുവെന്ന് രാജൻ പറഞ്ഞു. സോന വലിയ ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണമെങ്കിൽ, അത്രയും നാളായി അവർ തിരിഞ്ഞുനോക്കാതിരുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ പ്രശ്നമുണ്ടായിരുന്നെങ്കിൽ ഒരുദിവസമെങ്കിലും വന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ എന്നായിരുന്നു രാജന്റെ പ്രതികരണം
പിസി ന്യൂസ് വാർത്ത,
സോന പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായും രാജൻ പറഞ്ഞു. ചതിക്കാൻ വേണ്ടിയാകാം പെട്രോൾ വാങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിനുമുമ്പ് തന്നെ കാറിൽ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ല, പെട്രോളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും സോനയുടെ ശരീരത്തിൽ പെട്രോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമായി മാറി.
അതേസമയം, റിജിൻലാൽ ഉപദ്രവിക്കുന്ന കാര്യം സോന മുൻപേ ബന്ധുവിനോട് പറഞ്ഞിരുന്നുവെന്നാണ് കുടുംബവൃത്തങ്ങൾ വ്യക്തമാക്കുന്നത്. മരിക്കുന്ന ദിവസം ഉച്ച മുതൽ വൈകിട്ട് വരെ സോന മാതൃസഹോദരിയുടെ മകളുടെ വീട്ടിലുണ്ടായിരുന്നുവെന്നും പിന്നീട് ടൗണിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി. വസ്ത്രം വാങ്ങാനായി കടയിൽ പോയ സമയത്ത് സോനയെ കുറച്ചുനേരം കാണാതായെന്നും പിന്നീട് ഫുട്പാത്തിലൂടെ നടന്ന് വരുന്നതായി കണ്ടെന്നുമാണ് ബന്ധു പറഞ്ഞത്.
റിജിൻലാലിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇത് ആത്മഹത്യയല്ല, ആസൂത്രിത കൊലപാതകമാണെന്നാണ് സോനയുടെ കുടുംബം ആവർത്തിക്കുന്നത്. മരിച്ച ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും റിജിൻ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ടിരുന്നുവെന്നും ബന്ധു സത്യൻ ആരോപിച്ചു.


