തിരുവനന്തപുരം : വിഴിഞ്ഞം വിവാഹവാഗ്ദാനം നൽകി യുവതിയെ നാലുവർഷത്തോളം പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് ഒളിവിൽ പോകുകയും ചെയ്ത തിരുവനന്തപുരം മണക്കാട് സ്വദേശി സച്ചിൻകുമാർ (32) പാലക്കാട്ടുവെച്ച് റെയിൽവേ പൊലീസിന്റെ പിടിയിലായി.
ആറ്റുകാൽ ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്ന വിവാഹദിവസം സുഹൃത്ത് അപകടത്തിൽ മരിച്ചെന്ന വ്യാജക്കഥയുണ്ടാക്കി മുങ്ങിയ ഇയാൾ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് വിഴിഞ്ഞം പൊലീസിന്റെ നിർണായക ഇടപെടലിൽ വലയിലാകുന്നത്.
(2022) മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിൽ സച്ചിൻകുമാർ 29-കാരിയായ യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഒൻപത് ലക്ഷം രൂപയും ഏഴ് പവൻ സ്വർണ്ണവും കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ച് (30) ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്ന് യുവതിക്കും കുടുംബത്തിനും ഇയാൾ ഉറപ്പുനൽകി.
ഇതനുസരിച്ച് നിശ്ചയിച്ച ദിവസം യുവതിയും കുടുംബവും ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻകുമാർ എത്തിയില്ല. വിവാഹത്തിൽ പങ്കെടുക്കേണ്ടിയിരുന്ന അടുത്ത സുഹൃത്ത് തിരുവല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും, അതുകൊണ്ട് ക്ഷേത്രത്തിലേക്ക് വരാൻ കഴിയില്ലെന്നുമാണ് ഇയാൾ ഫോണിലൂടെ യുവതിയെ വിശ്വസിപ്പിച്ചത്.
ദിവസങ്ങൾക്ക് ശേഷം പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് സച്ചിൻകുമാർ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് യുവതി അറിഞ്ഞത്. താൻ ക്രൂരമായി കബളിപ്പിക്കപ്പെടുകയാണെന്ന് ബോധ്യപ്പെട്ടതോടെ യുവതി വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതി ഉയർന്ന വിവരമറിഞ്ഞ സച്ചിൻകുമാർ ഉടൻ തന്നെ ബംഗളൂരുവിലേക്ക് മുങ്ങി. തുടർന്ന് വിഴിഞ്ഞം പൊലീസ് കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസിനും പ്രതിയെക്കുറിച്ചുള്ള ലുക്കൗട്ട് വിവരങ്ങൾ കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ടുവെച്ച് തീവണ്ടിയിൽ നടത്തിയ പരിശോധനയിലാണ് റെയിൽവേ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വിവരമറിഞ്ഞ് വിഴിഞ്ഞം എസ്.എച്ച്.ഓ, അസി. സബ് ഇൻസ്‌പെക്ടർ എന്നിവരടങ്ങിയ സംഘം പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.


