ഭോപ്പാൽ: മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചെന്ന വ്യാജപ്രചാരണത്തെ തുടർന്ന് പരിഭ്രാന്തരായി ട്രാക്കിലേക്ക് ഇറങ്ങിയ നാല് യാത്രക്കാർ എതിർദിശയിൽ വന്ന ട്രെയിനിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഹെതംപൂർ റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകുന്നേരം 4.15 ഓടെയാണ് രാജ്യം നടുങ്ങിയ ഈ ദുരന്തമുണ്ടായത്. ഖജുരാഹോ – ഉദയ്പൂർ ഇന്റർസിറ്റി എക്സ്പ്രസിലെ (19665) യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്
യാത്രക്കാരിൽ ആരോ ചങ്ങല വലിച്ചതിനെ തുടർന്ന് ഇന്റർസിറ്റി എക്സ്പ്രസ് ഹെതംപൂർ സ്റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ട്രെയിനിന് തീപിടിച്ചെന്ന തരത്തിലുള്ള അഭ്യൂഹം ചിലർ പരത്തിയത്. ഇതോടെ ഭയന്നുവിറച്ച യാത്രക്കാർ കംപാർട്ടുമെന്റുകളിൽ നിന്ന് പുറത്തേക്ക് ചാടുകയും സമീപത്തെ ട്രാക്കിലേക്ക് മാറുകയും ചെയ്തു.
ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗത്തിൽ വന്ന ഫിറോസ്പൂർ – സീനി പാടൽകോട്ട് എക്സ്പ്രസ് യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
അതേസമയം, ട്രെയിനിൽ തീപിടിത്തം ഉണ്ടായിട്ടില്ലെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു. ഏതോ ഒരു യാത്രക്കാരൻ അനാവശ്യമായി ചങ്ങല വലിച്ചതിനെ തുടർന്നാണ് ട്രെയിൻ നിർത്തിയതെന്നും, തുടർന്നുണ്ടായ വ്യാജപ്രചാരണമാണ് വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്നും റെയിൽവേ വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്


