വാഷിങ്ടൺ: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമെന്ന റെക്കോഡ് സ്വന്തമാക്കി ജർമനി. ഞായറാഴ്ച നടന്ന ഗ്രൂപ്പ് മത്സരത്തിൽ കുറാസോയെ 7-1ന് തകർത്തതോടെയാണ് മുൻ ലോകചാമ്പ്യൻമാർ ഈ അപൂർവ നേട്ടത്തിലെത്തിയത്. കുറാസോയ്ക്കെതിരായ ഏഴ് ഗോളുകളുടെ പ്രകടനം ലോകകപ്പ് ചരിത്രത്തിലെ ജർമനിയുടെ ആകെ ഗോൾസംഖ്യ 239 ആക്കി ഉയർത്തി. ഇതോടെ 238 ഗോളുകളുള്ള ബ്രസീലിനെ മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരായി ജർമനി മാറി. 152 ഗോളുകളുമായി അർജന്റീന മൂന്നാം സ്ഥാനത്തും, 136 ഗോളുകളുമായി ഫ്രാൻസ് നാലാം സ്ഥാനത്തും, 128 ഗോളുകളോടെ ഇറ്റലി അഞ്ചാം സ്ഥാനത്തുമാണ്
ആദ്യമായി ലോകകപ്പിൽ പങ്കെടുക്കുന്ന കുറാസോ മത്സരത്തിന്റെ തുടക്കത്തിൽ ശക്തമായ പ്രതിരോധം കാഴ്ചവെച്ചെങ്കിലും പിന്നീട് ജർമൻ ആക്രമണനിരയുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കളി പുരോഗമിച്ചതോടെ ജർമനി തുടർച്ചയായി ഗോൾമഴ പെയ്യിക്കുകയും എതിരാളികളെ പൂർണമായി കീഴടക്കുകയും ചെയ്തു. ഈ വിജയത്തോടെ ടൂർണമെന്റിലെ ആദ്യ ജയം ജർമനി സ്വന്തമാക്കി.
അതേസമയം, ലോകകപ്പിൽ ഏഴോ അതിലധികമോ ഗോൾ നേടുന്ന മത്സരങ്ങളുടെ എണ്ണത്തിലും ജർമനി പുതിയ റെക്കോഡ് കുറിച്ചു. നാല് തവണയാണ് ജർമനി ഒരു ലോകകപ്പ് മത്സരത്തിൽ ഏഴിലധികം ഗോൾ നേടിയത്. 2014 ലോകകപ്പ് സെമിഫൈനലിൽ ആതിഥേയരായ ബ്രസീലിനെ 7-1ന് തകർത്ത വിജയം ഇതിൽ ഏറ്റവും ശ്രദ്ധേയമായതായിരുന്നു. ഇപ്പോൾ കുറാസോയ്ക്കെതിരായ പ്രകടനത്തോടെ ആ നേട്ടം ജർമനി വീണ്ടും ആവർത്തിച്ചു


