മലപ്പുറം: മലപ്പുറം തിരൂരിൽ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി.വി (47) യെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. തിരൂർ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന ഇയാൾ 4,300 രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി.
തിരൂർ കന്മനം സ്വദേശിയായ പരാതിക്കാരൻ ആരംഭിച്ച ആയുർവേദിക് വെൽനസ് സെൻ്ററിന് ലൈസൻസ് അനുവദിക്കുന്നതിനും അനുബന്ധ സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനുമായി വിനോദ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ട ഇയാൾ, 3,000 രൂപ നേരിട്ടും 1,300 രൂപ ഭാര്യയുടെ ഗൂഗിൾ പേ അക്കൗണ്ട് വഴിയും സ്വീകരിച്ചെന്നാണ് അന്വേഷണ റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷിനെയും നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായ ശിഹാബുദ്ധീനെയും വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതുമാണ് ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറിന്റെ പങ്ക് പുറത്തുകൊണ്ടുവന്നത്.
തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിനോദ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് വിജിലൻസ് അറിയിച്ചു. ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. സർക്കാർ സേവനങ്ങളിൽ അഴിമതി അനുവദിക്കില്ലെന്ന സന്ദേശം നൽകുന്നതാണ് നടപടി എന്നും വിജിലൻസ് അധികൃതർ വ്യക്തമാക്കി


