Headlines

മോദി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് ആറ് വര്‍ഷത്തിനിടെ കേന്ദ്രം ചെലവിട്ടത് 2,586 കോടിരൂപ; ആര്‍ടിഐ വിവരങ്ങള്‍ പുറത്ത്





ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആറുവര്‍ഷത്തിനിടെ ചെലവഴിച്ചത് 2,586 കോടി രൂപയെന്ന് വിവരാവകാശ (ആര്‍.ടി.ഐ) രേഖകള്‍. 2020 മുതല്‍ 2026 വരെയുള്ള കാലയളവില്‍ അച്ചടി, ടെലിവിഷന്‍, റേഡിയോ, ഡിജിറ്റല്‍ മാധ്യമങ്ങള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയിലൂടെയുള്ള പരസ്യങ്ങള്‍ക്കാണ് ഈ തുക ചെലവഴിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 796 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2025-26)പത്രപരസ്യങ്ങള്‍ക്കായി 338 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചതായും രേഖകളില്‍ പറയുന്നു. റേഡിയോ, ടെലിവിഷന്‍ പരസ്യങ്ങള്‍ക്കായി 2020 മുതല്‍ 2026 വരെ ഏകദേശം 936 കോടി രൂപ ചെലവഴിച്ചു. ഹോര്‍ഡിങ്ങുകളും ഔട്ട്‌ഡോര്‍ പരസ്യങ്ങള്‍ക്കുമായി 583.97 കോടി രൂപയും ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.  തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളില്‍ കണക്കുകളില്‍ വന്‍ വര്‍ധനയുണ്ടായതായും സിബിസി വ്യക്തമാക്കുന്നു. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകളിലെ പരസ്യത്തിനായി 2020-21ല്‍ വെറും 14 കോടി ചെലവഴിച്ച സ്ഥാനത്ത് 2025-26 ആയപ്പോഴേക്കും അത് 131.35 കോടി രൂപയായി ഉയര്‍ന്നു. അഞ്ച് വര്‍ഷത്തിനിടെ ഡിജിറ്റല്‍ പരസ്യച്ചെലവ് ഏകദേശം പത്തിരട്ടിയായി വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി സാകേത് ഗോഖലെ കണക്കുകള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ ഒന്നിന് വിവരാവകാശ കമീഷന് അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍സ്(സിബിസി)ജൂണ്‍ 16ന് വിവരങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ 2,586 കോടി രൂപയുടെ പരസ്യ കരാറുകള്‍ ഏതെല്ലാം ഏജന്‍സികള്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ സിബിസി അധികൃതര്‍ തയാറായിട്ടില്ല. ഇത് വാണിജ്യ രഹസ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം വിവരങ്ങള്‍ നല്‍കാതിരുന്നത്.  ഇതിനെതിരേ സാകേത് ഗോഖലെ രംഗത്തെത്തി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ പ്രചാരണത്തിനായി ഇത്രയും വലിയ തുക ചെലവഴിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരു ഏജന്‍സി മാത്രം ചെലവഴിച്ച തുകയാണിത്. മറ്റ് മന്ത്രാലയങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ബിജെപി പാര്‍ട്ടിയും നേരിട്ട് നടത്തിയ പരസ്യങ്ങളുടെ കണക്കുകള്‍ ഇതിന് പുറമെയാണെന്നും യഥാര്‍ഥ തുക ഇതിലും എത്രയോ മുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പരസ്യങ്ങള്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സര്‍ക്കാര്‍ പരസ്യങ്ങള്‍ ആയുധമാക്കി മാധ്യമങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയാണെന്നും, മോദിയെയും ബിജെപിയെയും പ്രശംസിക്കുന്നവര്‍ക്ക് 2,586 കോടി രൂപയുടെ പ്രതിഫലം ലഭിക്കുമ്പോള്‍ രാജ്യത്തെ മാധ്യമങ്ങള്‍ ഇത്രമാത്രം പക്ഷപാതിത്വം കാണിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: