ഹൈദരാബാദ്: കോളജ് ഹോസ്റ്റൽ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞുകൊന്ന പത്തൊൻപതുകാരിയെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഗോൽക്കൊണ്ടയിലെ തെലങ്കാന മൈനോറിറ്റി റസിഡൻഷ്യൽ ജൂനിയർ കോളജിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഈ കോളജിലെ രണ്ടാം വർഷ ഇന്റർമീഡിയറ്റ് (പ്ലസ് ടു) വിദ്യാർഥിനിയാണ് പിടിയിലായത്.
ക്രൂരത പുറത്തറിഞ്ഞത് ഇങ്ങനെ:
കഴിഞ്ഞ ജൂൺ 23-ന് രാവിലെ കോളജ് കെട്ടിടത്തിന് പിന്നിലെ സർക്കാർ ഡിസ്പെൻസറിയുടെ മേൽക്കൂരയിൽ ചലനമറ്റ നിലയിൽ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പൽ മൈമൂന പർവീൺ പോലീസിൽ വിവരമറിയിച്ചു. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ 4:30 ഓടെ ശുചിമുറിയിൽ പോയി മടങ്ങിവന്ന വിദ്യാർഥിനിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. പ്രിൻസിപ്പലിന്റെ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.
ബക്കറ്റിലാക്കി മുറിയിലെത്തിച്ചു, പിന്നെ ജനലിലൂടെ പുറത്തേക്ക്
പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശുചിമുറിയിൽ വെച്ച് പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. തുടർന്ന് കുഞ്ഞിനെ ഒരു ബക്കറ്റിലാക്കി സ്വന്തം മുറിയിലെത്തിക്കുകയും, അവിടെ നിന്നും ജനലിലൂടെ പുറത്തേക്ക് എറിയുകയുമായിരുന്നുവെന്ന് പ്രിൻസിപ്പൽ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉയരത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചത്.
ഗർഭവിവരം ഒളിച്ചുവെക്കാൻ കാരണം പ്രണയപ്പകയും ഒറ്റപ്പെടലും
വിദ്യാർഥിനി തന്റെ ബന്ധുവായ 22-കാരനുമായി പ്രണയത്തിലായിരുന്നുവെന്ന് ഗോൽക്കൊണ്ട സ്റ്റേഷൻ ഹൗസ് ഓഫീസർ പി. സൈദുലു അറിയിച്ചു. എന്നാൽ പെൺകുട്ടി ഗർഭിണിയായ വിവരമറിഞ്ഞതോടെ യുവാവ് കൈമലർത്തുകയും വിവാഹം കഴിക്കാൻ വിസമ്മതിക്കുകയുമായിരുന്നു. കൂടെനിൽക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടുപോയതോടെയാണ് പെൺകുട്ടി ഗർഭവിവരം മറ്റാരും അറിയാതെ ഒളിച്ചുവെച്ചത്.
നിലവിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരമാകുന്ന മുറയ്ക്ക് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.


