കാസർകോട്: നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായ സിപിഎമ്മിലെ പിവി രാജേന്ദ്രനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നൽകും.
രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകും.
കഴിഞ്ഞ ഡിസംബർ 26 നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതിക്കലിൻ്റെ വോട്ട് അസാധുവായിരുന്നു. ചന്ദ്രന്റെ വോട്ട് ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് ഒപ്പിടാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ അസാധുവാക്കുകയായിരുന്നു. ഇതേ തുടർന്ന് വോട്ടുകൾ തുല്യമായതോടെ നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ പി വി രാജേന്ദ്രൻ പഞ്ചായത്ത് പ്രസിഡന്റായി. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട് ആറു മാസം പൂർത്തിയായ സാഹചര്യത്തിലാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നത്. 23 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 12 സീറ്റുണ്ട്. എൽഡിഎഫിന് 11 സീറ്റുകളാണുള്ളത്. രണ്ടര വർഷം വീതം പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാൻ മുസ്ലിം ലീഗും കോൺഗ്രസ്സും നേരത്തെ തന്നെ ധാരണയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് ഭരണസമിതി എങ്ങനെ നേരിടുമെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്


