പൂനെയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. 65കാരനായ ഭിമ്രാവോ കംബ്ലേക്കാണ് പൂനെ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് ആർ സലുൻഖൈ വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി വിലയിരുത്തിയിരുന്നു.
ഇക്കഴിഞ്ഞ മെയ് ഒന്നിന് പൂനെയിലെ നസ്രാപുർ ജില്ലയിലായിരുന്നു സംഭവം നടന്നത്. പലഹാരം വാങ്ങി നൽകാമെന്നും പശുക്കിടാവിനെ കാണിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം പശുത്തൊഴുത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് കുടുംബം പരിശോധന നടത്തിയെങ്കിലും കണ്ടെത്തായാനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർണായകമായ സിസിടിവി ദൃശ്യം കണ്ടെത്തി. ഇതിൽ പ്രതിക്കൊപ്പം കുട്ടി പോകുന്നത് വ്യക്തമായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് തിരിചറിഞ്ഞത്. ഇതിന് പിന്നാലെ
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.


