ശക്തമായ പ്രതിഷേധം; ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ പാസ്പോർട്ട് പുതുക്കാൻ അനുമതി

ന്യൂഡൽഹി: ദി ടെലഗ്രാഫിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കി നൽകാൻ അധികൃതർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. എസ്ഐആർ നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെ തുടർന്ന് പാസ്‌പോർട്ട് പൊലീസ് വെരിഫിക്കേഷൻ തടസപ്പെട്ടിരുന്നു. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് അധികൃതർ നിലപാട് മാറ്റിയത്.

വിഷയത്തിൽ തുടക്കത്തിൽ പശ്ചിമബംഗാൾ സർക്കാർ പ്രതികരിക്കാതിരുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിഷേധം ശക്തമായതോടെ കൊൽക്കത്ത പൊലീസ് പുതിയ റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് പാസ്‌പോർട്ട് അച്ചടിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വിവരം പുറത്തുവന്നു.

മാർച്ച് 27-നാണ് എസ്ഐആർ നടപടിക്കിടെ തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ ആർ. രാജഗോപാലിനെ അറിയിച്ചത്. അതേസമയം, ഇതിനുമുമ്പ് ഫെബ്രുവരി 27-ന് അദ്ദേഹം പാസ്‌പോർട്ട് പുതുക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു.

പോലീസ് വെരിഫിക്കേഷനായി സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ, എസ്ഐആർ നടപടിയുടെ ഭാഗമായി പേര് നീക്കം ചെയ്തതായും അതിനെതിരെ അപ്പീൽ നൽകിയിട്ടുണ്ടെന്നും രാജഗോപാൽ പൊലീസിനെ അറിയിച്ചു. പാൻ കാർഡ് ഉൾപ്പെടെയുള്ള മറ്റ് തിരിച്ചറിയൽ രേഖകളും അദ്ദേഹം ഹാജരാക്കി. എന്നാൽ വോട്ടർ പട്ടികയിൽ പേര് ഇല്ലെന്ന കാരണത്താൽ പൊലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കാനാകില്ലെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട് സമർപ്പിക്കുകയും പാസ്‌പോർട്ട് പുതുക്കൽ നടപടികൾക്ക് വഴിയൊരുക്കുകയും ചെയ്തത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: