തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജില്ലാ ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ ചുമതലയേറ്റു. കേരളത്തിന്റെ എട്ടാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായാണ് ശേഷാദ്രിനാഥന്‍ ഇന്ന് ചുമതലയേറ്റെടുത്തത്. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയായിരുന്നു ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. സംഘപരിവാര്‍ ബന്ധം ആരോപിച്ച് ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ഉയര്‍ന്നെങ്കിലും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.
എറണാകുളം സ്വദേശിയായ എന്‍ ശേഷാദ്രിനാഥന്‍ കോഴിക്കോട് ലോ കോളജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം പത്ത് വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ മുന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി സേവനം അനുഷ്ഠിച്ചിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, എറണാകുളം സിബിഐ കോടതി ജഡ്ജി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. സംഘപരിവാര്‍ ബന്ധമുള്ള ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നുമായിരുന്നു പി എം നിയാസിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയാസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി, മുഖ്യമന്ത്രി വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച മന്ത്രിസഭായോഗ തീരുമാനം അത്യധികം വേദനയോടെയാണ് അറിഞ്ഞതെന്ന് പി എം നിയാസ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചുമതലയുള്ള ജുഡീഷ്യല്‍ അധികാരങ്ങളുള്ള തസ്തികയാണിത്. കൂടാതെ നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ ഒരു സ്ഥിരാംഗം കൂടിയാണ് ഈ തസ്തിക. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതും പാര്‍ട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഏറെ വിലകല്‍പ്പിക്കുന്ന പദവിയുമാണിതെന്ന് നിയാസ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


