ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ടിന്റെ ബ്ലോക്ക് മാറ്റാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി. അക്കൗണ്ടിന്‍ മേലുള്ള നിയന്ത്രണം എടുത്തുകളയുന്നതില്‍ തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് തുഷാര്‍ മേത്ത വ്യക്തമാക്കിയത്. ‘നീറ്റ് പരീക്ഷ നടക്കുന്ന സമയത്താണ് ഇത് ബ്ലോക്ക് ചെയ്തത്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാനിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് എക്സില്‍ വന്നിരുന്നത്. ഇപ്പോള്‍ പരീക്ഷ കഴിഞ്ഞിരിക്കുന്നു,’ മേത്ത പറഞ്ഞു. ഇതേത്തുടര്‍ന്ന് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്യാന്‍ ജസ്റ്റിസ് ശര്‍മ നിര്‍ദ്ദേശിക്കുകയായിരുന്നു. ‘എനിക്ക് ഇതില്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല. എല്ലാവരും കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ,’ തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ സമര്‍പ്പിച്ച ഹരജി കോടതി അനുവദിച്ചു. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അക്കൗണ്ട് നിരോധിച്ച സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ദീപ്കെ കോടതിയെ സമീപിച്ചത്.


