Headlines

വോട്ടർ രജിസ്ട്രേഷന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ (SIR) വിവരങ്ങൾ സമർപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി. പുതിയ അപേക്ഷകർക്കും, എസ്‌ഐആർ പരിഷ്കരണത്തിന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കും ഈ നിയമം ബാധകമായിരിക്കും.


വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6’ പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ നിർബന്ധമായും നൽകണം. ഡിക്ലറേഷൻ ഘട്ടത്തിൽ ഈ വിവരങ്ങൾ പൂർത്തിയാക്കാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ബിഹാറിൽ ഈ പരിഷ്കാരം ഇതിനോടകം തന്നെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

പുതിയ വോട്ടർമാരെ കൃത്യമായി മാപ്പ് ചെയ്യാനും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മറ്റ് രേഖകളുടെ എണ്ണം കുറയ്ക്കാനും ഈ നടപടി സഹായിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ ഒഴിവാക്കുക, താമസം മാറിയവരെയും വിദേശികളെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യുക എന്നിവയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

അതേസമയം, പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി ചില പ്രത്യേക വിഭാഗങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി നീക്കം ചെയ്യുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ കമ്മിഷൻ നിഷേധിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് അതിനെ ചോദ്യം ചെയ്യാനും പരാതിപ്പെടാനും മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും, പ്രക്രിയ തികച്ചും നിഷ്പക്ഷമാണെന്നും കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: