Headlines

വടകര എംഡിഎംഎ കേസ്; മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരിക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിൽ മറ്റൊരു അധ്യാപികയെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ് അറസ്റ്റിലായത്. നേരത്തെ കേസിൽ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയുടെയും കാവ്യയുടെയും മൊഴികളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കേസിൽ കൂടുതൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് അധ്യാപകരുടെയും മറ്റ് വ്യക്തികളുടെയും പങ്ക് പരിശോധിക്കുന്നതിനായി വടകര റൂറൽ എസ്.പി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഈ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതും പുതിയ അറസ്റ്റ് രേഖപ്പെടുത്തിയതും.

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ലഹരിവിരുദ്ധ ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായാണ് വടകര പൊലീസ് അന്വേഷണം നടത്തി രണ്ട് അധ്യാപികമാരെ പിടികൂടിയത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇത് ഒറ്റപ്പെട്ട ലഹരി ഇടപാട് മാത്രമല്ലെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. എംഡിഎംഎ വിതരണത്തിനും സാമ്പത്തിക ഇടപാടുകൾക്കും പിന്നിൽ സംഘടിത ശൃംഖല പ്രവർത്തിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ എസ്‌ഐടി പരിശോധിക്കും. ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിനും ഇടപാടുകളുടെ ശൃംഖല പുറത്തുകൊണ്ടുവരുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാമെന്നും പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കെ. കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബി.ആർ.സി.യിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷൽ എജ്യുക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്കാണ് നേരത്തെ അറസ്റ്റിലായ കീർത്തനയുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പണമെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: