ഈരാറ്റുപേട്ടയിൽ കനത്തമഴയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബിജെപി നേതാവ് പി.സി. ജോർജിൻ്റെ വീട്ടിലും വെള്ളം കയറി. വീടിനുള്ളിൽ വെള്ളമെത്തിയതോടെ വീട്ടുപകരണങ്ങളടക്കം നശിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് വെള്ളം കയറി തുടങ്ങിയതെന്ന് പി.സി. ജോർജ് മനോരമ ന്യൂസിനോട് പറഞ്ഞു. ഈ സമയം പി.സി. ജോർജും ഭാര്യയും ഇളയമകനുമാണ് വീട്ടിലുണ്ടായിരുന്നത്.
40 വർഷത്തിനിടെ ആദ്യമായാണ് ഈ മേഖലയിൽ വെള്ളം കയറുന്നതെന്നാണ് പി.സി. ജോർജിന്റെ അനുഭവം. പി.സി. ജോർജിന്റെ വീടിന് മുന്നിൽ ചെറിയ തോടുണ്ട്. പക്ഷേ ഇവിടെ നിന്നും എങ്ങനെയാണ് ഇത്രയും വെള്ളം വീട്ടിലേക്ക് ഇരച്ചെത്തിയതെന്ന ആങ്കലാപ്പിലാണ് പി.സി. വീടിനുള്ളിലേക്ക് വെള്ളം കയറിയതോടെ വീടിന് മുകളിലാണ് പി.സി. ജോർജും കുടുംബവും അഭയം തേടിയത്.


