ചത്ര: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന പ്രതി, അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി മുഴുവൻ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ, ചൊവ്വാഴ്ച രാവിലെയാണ് അവൾ തിരിച്ചെത്തിയത്. തുടർന്ന് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരോട് വെളിപ്പെടുത്തി.
ഇതോടെ പ്രകോപിതരായ കുടുംബാംഗങ്ങൾ അതേ ഗ്രാമത്തിൽ തന്നെയുള്ള പ്രതിയുടെ വീട്ടിലെത്തി അയാളെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നു. വടിയും കല്ലുകളും ഉപയോഗിച്ച് മാരകമായി മർദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.


