തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി. നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കും. കേസിൽ ഹൈക്കോടതി നടത്തിയ ഇടപെടലിന് പിന്നാലെ ചുമതലപ്പെടുത്തിയ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് തിരുവന്തപുരത്ത് എത്തിയത്. രാവിലെ നിതിന്റെ വീട്ടിലെത്തുന്ന അന്വേഷണ സംഘം മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയെടുക്കും
അതേസമയം, കേസിലെ പ്രതി ഡോ.എംകെ റാമിനെ കഴിഞ്ഞ ആഴ്ച അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു . നിതിൻ രാജ് ആത്മഹത്യ ചെയ്ത സ്ഥലത്തും ക്ലാസ്സ് റൂമിലും റാമിനെ തെളിവെടുപ്പിനായി എത്തിച്ച്. റാമിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു, പള്ളിക്കുന്നിലെ വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് ഫോൺ കസ്റ്റഡിയിലെടുത്തത്. ഈ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
നിതിൻ രാജിന്റെ മരണത്തിൽ പ്രതി റാമിനെതിരെ ജാതീയധിക്ഷേപവും മാനസികപീഡനവും ആരോപിച്ച് ആത്മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകളും എസ്.സി, എസ്ടി അതിക്രമ നിരോധനനിയമവും ചുമത്തി ആണ് കേസെടുത്തത്, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും തള്ളിയിരുന്നു. റാമിന്റെ പെരുമാറ്റത്തെ മനുഷ്യത്വരഹിതമെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്


