ജാൻസത്ത്: ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലെ ജൻസാത്തിൽ വസ്ത്രം തയ്പ്പിക്കാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച തയ്യൽക്കാരൻ അറസ്റ്റിൽ. കടയ്ക്ക് അകത്ത് കയറ്റി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടക്ക് പുറത്ത് കാവൽ നിന്ന സഹായിയും പിടിയിലായിട്ടുണ്ട്. കടനടത്തുന്ന ഫിറോസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്.
കുറ്റം ചെയ്യുന്നതിനിടെ കട പുറത്തു നിന്നും അടച്ച് കാവൽ നിന്നതിനാണ് കൂട്ടാളി പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
സംഭവത്തെ കുറിച്ച് ജാൻസത്ത് പൊലീസിന് വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി. അപ്പോഴും കട പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് കയറിയാണ് കുട്ടിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
പണം നൽകി പ്രലോഭിപ്പിച്ച് യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു. യുവാവിന്റെ കൂടെയുണ്ടായിരുന്നയാൾ കടയുടെ ഷട്ടർ പുറത്തുനിന്ന് അടച്ച് പൂട്ടിയെന്നും കുട്ടി മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ‘പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്’ (പോക്സോ) നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ചെയ്തു.


