ഇൻസ്റ്റഗ്രാം പരസ്യത്തിൽ വിശ്വസിച്ച് വായ്പയ്ക്ക് അപേക്ഷിച്ചു; 10 ലക്ഷം രൂപയ്ക്ക് പകരം നഷ്ടമായത് 40 ലക്ഷം



തളിപ്പറമ്പ്: 10 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിച്ച വീട്ടമ്മയ്ക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 40 ലക്ഷം രൂപ നഷ്ടമായതായി പരാതി. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപം പാറോൽക്കട്ടി വീട്ടിൽ പി.കെ. സക്കീനയാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്.

രണ്ട് ശതമാനം പലിശ നിരക്കിൽ വ്യക്തിഗത വായ്പ നൽകുമെന്ന ഇൻസ്റ്റഗ്രാം പരസ്യ സന്ദേശം കണ്ടാണ് സക്കീന 10 ലക്ഷം രൂപയുടെ വായ്പയ്ക്കായി അപേക്ഷിച്ചത്. തുടർന്ന് വായ്പ അനുവദിക്കുന്നതിന് മുന്നോടിയായി ജി.എസ്.ടി, ഇൻഷുറൻസ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി മുൻകൂറായി പണം അടയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.

പ്രതികളുടെ നിർദേശപ്രകാരം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും ബാങ്ക് ട്രാൻസ്ഫർ വഴിയും പല തവണകളായി സക്കീന 40 ലക്ഷം രൂപ അയച്ചുനൽകി.

എന്നാൽ പണം മുഴുവൻ കൈപ്പറ്റിയ ശേഷവും വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയുടെ വായ്പ നൽകുകയോ നൽകിയ 40 ലക്ഷം രൂപ തിരികെ നൽകുകയോ ചെയ്തില്ലെന്നാണ് പരാതി. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി സക്കീന തിരിച്ചറിഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ധനി ഇന്ത്യാ ബുൾസ് ധനി’ എന്ന ധനകാര്യ സ്ഥാപനത്തിലെ മാനേജർമാരായ അൻവർ, വിഷ്ണു എന്നിവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: