തമിഴ്‌നാട്ടിൽ കോവിഡ് കാലത്ത് പ്രായപൂർത്തിയാവാത്ത 4 പെൺകുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് വധശിക്ഷ

തിരുനെൽവേലി : പ്രായപൂർത്തിയാവാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സുവിശേഷ പ്രസംഗകന് തിരുനെൽവേലി പോക്സോ സ്പെഷ്യൽ കോടതി വധശിക്ഷ വിധിച്ചു. തിരുനെൽവേലി തേവർകുളം സ്വദേശിയായ എസ്. അബ്രഹാമിനെയാണ് (47) ജഡ്ജ് കെ. സുരേഷ് കുമാർ ശിക്ഷിച്ചത്. വധശിക്ഷയ്ക്ക് പുറമെ ഇരകളായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

2022-ൽ തേവർകുളം സ്വദേശിയായ എട്ടുവയസ്സുകാരി പീഡനത്തിനിരയായതോടെയാണ് വിവരം പുറത്തറിയുന്നത്. പള്ളിയിൽ മ്യൂസിക് ക്ലാസിന് പോയിരുന്ന കുട്ടിയെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മ്യൂസിക് പഠിക്കാനെത്തിയിരുന്ന മറ്റു മൂന്ന് പെൺകുട്ടികളെയും അബ്രഹാം പീഡനത്തിന് ഇരയാക്കിയതായി തെളിഞ്ഞത്.

2020-ലെ കോവിഡ് ലോക്ക്ഡൗൺ കാലം മുതൽ 2022 വരെയാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചുപോന്നതെന്ന് തിരുനെൽവേലി എസ്.പി വിശ്വേഷ് ബാലസുബ്രമണ്യം ശാസ്ത്രി വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് ഇരകൾ പറഞ്ഞു. 2022-ലാണ് അബ്രഹാമിനെ അറസ്റ്റ് ചെയ്യുന്നതെങ്കിലും കേസ് അന്വേഷണം മന്ദഗതിയിലായിരുന്നു. തുടർന്ന് എ.എസ്.പി കെ. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ പുതിയ കേസ് ഓഫീസർ സംഘം അന്വേഷണം ഏറ്റെടുത്തതോടെ ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.

ശാസ്ത്രീയ തെളിവുകളുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും കൃത്യമായ മൊഴികളുടെയും അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ഉഷ ഹാജരായ കേസിൽ കോടതി അടിയന്തര ശിക്ഷാവിധി പ്രഖ്യാപിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: