പത്തനംതിട്ട: ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ഇലവുംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരി ഇലന്തൂർ പൂക്കോട്, മെട്ടയിൽ വീട്ടിൽ എം.പി. ബിജുമോനാണ് (52) ഇലവുംതിട്ട പൊലീസിൻ്റെ പിടിയിലായത്. ക്ഷേത്രത്തിലെ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63) മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. വിജയമ്മ ക്ഷേത്രത്തിന് ഉൾവശം വൃത്തിയാക്കുന്ന സമയത്ത് ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറെ ദൂരെയായി പാർക്ക് ചെയ്തു. തുടർന്ന് സമീപത്തുള്ള റബർ തോട്ടത്തിലൂടെ ക്ഷേത്രത്തിലെത്തി പട്ടുടയാടയിൽ മുളകുപൊടിയിട്ട് വിജയമ്മയുടെ മുഖത്ത് അമർത്തിപ്പിടിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇവരുടെ സ്വർണമാല പൊട്ടിച്ചെടുക്കാനും ശ്രമിച്ചു. കുതറിമാറി ഉച്ചത്തിൽ നിലവിളിച്ച വിജയമ്മയെ വിട്ട് പൂജാരി പുറത്തേക്ക് ഓടിപ്പോയി. നിലവിളി കേട്ട്’ ഓടിയെത്തിയ നാട്ടുകാർ, രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞുവെക്കുകയായിരുന്നു. ഉടൻതന്നെ ഇലവുംതിട്ട പൊലീസ് എത്തി പൂജാരിയെ കസ്റ്റഡിയിലെടുത്തു.
ക്ഷേത്ര പൂജാരിയായി ജോലി ചെയ്‌തിരുന്ന ഇയാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്ന് ഇലവുംതിട്ട എസ്.എച്ച്.ഒ രാജേഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


