കോഴിക്കോട്: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടുകളിൽ നിന്ന് എംഎസ്എഫ് പിന്നോട്ടില്ലെന്നും ഷറഫുദ്ദീൻ പിലാക്കൽ പറഞ്ഞു.
സർക്കാരുകളും ഭരണസംവിധാനങ്ങളും മാറുന്നതിനനുസരിച്ച് തങ്ങളുടെ സംഘടന നിലപാട് മാറ്റാറില്ലെന്നും, ഈ വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ തന്നെ പൂർണ്ണമായും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിഎം ശ്രീ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരോ, വിദ്യാഭ്യാസ വകുപ്പ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള എന്തെങ്കിലും ശ്രമങ്ങൾ നടത്തുകയാണെങ്കിൽ അതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം, പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനാണ് സംസ്ഥാനത്തിന്റെ നീക്കം. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം മുന്നോട്ടുവെക്കും. ഈ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുകയാണെങ്കിൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്തിയേക്കും


