ആലപ്പുഴ: കായംകുളം എംഎസ്എം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തെത്തുടർന്നുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തകരായ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 50 ലേറെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പോലീസിനെ അക്രമിച്ചതിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഇന്നലെയാണ് എംഎസ്എം കോളേജിലെ തിരഞ്ഞെടുപ്പ് വിജയാഘോഷ പ്രകടനത്തിനിടെ സംഘർഷമുണ്ടായത്. കോൺഗ്രസ് ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെ തുടർന്നാണ് എസ്എഫ്ഐ -കെഎസ്യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കല്ലേറിൽ വിദ്യാർഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറില്‍ പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർത്ഥിയെ പുറത്താക്കിയെങ്കിലും എംഎസ്എം കോളേജ് യൂണിയൻ എസ്എഫ്ഐക്ക് ലഭിച്ചിരുന്നു.


