വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു



കിളിമാനൂർ : സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു. കിളിമാനൂർ പുളിമാത്ത് പഞ്ചായത്ത് പുല്ലയിൽ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടിൽ രാജു–അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് (11) നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കൈവിരലുമായി കടന്ന തെരുവുനായയ്ക്കായി പ്രദേശവാസികൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കൊടുവഴന്നൂർ ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് ശരൺ. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുരച്ചുകൊണ്ട് ഓടിക്കയറി വന്ന തെരുവുനായ ശരണിന് നേരെ ചാടിവീഴുകയായിരുന്നു. നിലത്തുവീണ കുട്ടിയുടെ വലതുകയ്യിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ ഓടിമാറിയതിനാലാണ് ഒപ്പമുണ്ടായിരുന്ന ഇളയ സഹോദരൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തിയപ്പോഴേക്കും നായ വിരലുമായി കടന്നുകളഞ്ഞിരുന്നു. ശരണിന്റെ ഇടതുകാലിന്റെ തുടയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സമീപപ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളെ ഉൾപ്പെടെ നായ കടിച്ചിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: