Headlines

കെഎസ്ഇബി കേബിൾ മോഷണം; അന്തർസംസ്ഥാന സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ബദിയടുക്ക പൊലീസ്


         

കാസർകോട്: എൻമകജെ ഗുണാജെയിൽ കെഎസ്ഇബിയുടെ കേബിളുകൾ മോഷ്ടിച്ച നാലംഗ സംഘം പിടിയിലായി. ബദിയടുക്ക പൊലീസാണ് പ്രതികളെ പിടികൂടിയത്. നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ ബി കേബിളുകളാണ് അന്തർസംസ്ഥാന സംഘം മോഷ്ടിച്ചത്. 36 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അഡുക്ക സ്വദേശി നൗഷാദ് (34), ബംബ്രാണ സ്വദേശി മുഹമ്മദ് ഇ (42), ബണ്ട്വാൾ സ്വദേശികളായ മുഹമ്മദ് ഷാഹിദ് (29), നവീൻ (48) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബർ 23ന് വൈകുന്നേരം 5 മണിക്കും സെപ്റ്റംബർ 24 രാവിലെ 9.30 നും ഇടയിലാണ് സംഭവം. ഗുണാജെയിലെ ട്രാൻസ്‌ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന എ ബി കേബിളുകൾ KL 14 AE 9095 എന്ന വാഹനത്തിലെത്തിയ സംഘം മോഷ്ടിച്ചു കടത്തുകയായിരുന്നു. കെ എസ് ഇ ബിയുടെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവ സ്ഥലത്തെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ കണ്ട വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനം വാടകയ്ക്ക് എടുത്ത ഒന്നാം പ്രതി നൗഷാദിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽ നിന്നും മറ്റ് പ്രതികളായ മുഹമ്മദ് ഷാഹിദ്, നവീൻ എന്നിവരെ മംഗലാപുരത്തു നിന്നും അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു.

പ്രതികളെ ചോദ്യം ചെയ്തപ്പോൾ നീർച്ചാൽ വിഷ്ണു മൂർത്തി നഗറിലെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ നിന്നും ഇരുമ്പ് റോഡുകൾ മോഷ്ടിച്ചതായും വ്യക്തമായി. അന്തർസംസ്ഥാന മോഷണ സംഘത്തിലെ മറ്റുള്ളവരിലേക്കും ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ചു. കുമ്പള ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുനിൽ കുമാർ, വിനോദ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: