സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ രണ്ടു മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യൻ നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു(36), കോട്ടയം കുറുമുള്ളൂർ ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. തീർത്ഥാടന കേന്ദ്രമായ മക്കയിൽ ജോലി ചെയ്യുന്നവരാണ് മരിച്ച നേഴ്സുമാർ.
അവധിദിവസമായ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം ഷോപ്പിംഗിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സൗദിയിലെ തായിഫ്-റാനിയ റോഡിൽ വച്ചായിരുന്നു സംഭവം. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തമിഴ്‌നാട്ടിലെ അണ്ണാ സത്യ നഗർ സ്വദേശിനിയായ വിജയലക്ഷ്മി ജഗദീഷും തഞ്ചാവൂർ പട്ടുക്കോട്ട സ്വദേശിനിയായ ഹെപ്‌സിബ ദേവമണിയുമാണ് മരിച്ച മറ്റ് നഴ്‌സുമാർ. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായ സൗദി പൗരനും മരിച്ചു.
സൗദി സർക്കാർ നിയന്ത്രണത്തിലുള്ള ഡിസ്പൻസറികളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ട നാല് നഴ്‌സുമാരും. മക്കയിലെ അൽഗഫയിലാണ് ഇവർ ജോലി ചെയ്തുവന്നിരുന്നത്. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


