നെയ്യാറ്റിൻകര : മാനസിക സമ്മർദം മൂലമുള്ള അപൂർവ മാനസികാവസ്ഥയെത്തുടർന്ന് സ്വന്തം തലമുടി വിഴുങ്ങിയ ഒൻപത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിൻകര സ്വദേശിയായ പെൺകുട്ടിക്കാണ് നിംസ് മെഡിസിറ്റിയിൽ വെച്ച് അപൂർവമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നു.
തുടർച്ചയായ വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത് ലോകത്തിൽ നൂറിൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ‘റാപൻസൽ സിൻഡ്രോം’ എന്ന അപൂർവ രോഗാവസ്ഥയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.
മാനസിക സമ്മർദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാൽ കുട്ടികൾ സ്വന്തം മുടി പിടിച്ചുവലിച്ചു പറിച്ചെടുത്ത് വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തിൽ കിടക്കുന്ന മുടി ദഹിക്കാതെ കുടലിൽ കട്ടിയുള്ള തടസ്സമായി മാറുകയായിരുന്നു.
നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വയറ്റിൽ നിന്നുള്ള തലമുടിക്കെട്ട് പുറത്തെടുത്തത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആശുപത്രി വിട്ട കുട്ടി ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണെന്നും ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ വ്യക്തമാക്കി.


