കടുത്തുരുത്തി: ജലന്ധറിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ കടുത്തുരുത്തി സ്വദേശിനിയായ രണ്ടാം വർഷ എംബിഎ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോർജിന്റെയും സ്വപ്നയുടെയും മകൾ ജോസ്‌ന ജോർജ് ആണ് മരിച്ചത്. 22 വയസായിരുന്നു.
പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ എംബിഎ ലോജിസ്റ്റിക്സ് വിദ്യാർഥിനിയായിരുന്നു ജോസ്‌ന. കോളേജിൽനിന്ന് പഠനയാത്രയ്ക്കായി പോയ സംഘത്തിലായിരുന്നു ജോസ്‌നയും.
തിങ്കളാഴ്ച രാവിലെ ജലന്ധറിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ജോസ്‌ന ഉൾപ്പെടെയുള്ള ചില വിദ്യാർഥികൾ ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. തുടർന്ന് ബസ് ഇവരുടെ മുകളിലേക്ക് മറിഞ്ഞതായാണ് വിവരം. അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചതായാണ് റിപ്പോർട്ട്.
റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ജോർജിന്റെയും സ്വപ്നയുടെയും മകളാണ് ജോസ്‌ന. ജോഫിൻ, ജോസ്ഫിൻ എന്നിവരാണ് സഹോദരങ്ങൾ. അപകടവിവരം അറിഞ്ഞതോടെ ജോസ്‌നയുടെ പിതാവും മറ്റ് ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു.


