തൃശൂർ: കുന്നംകുളം മരത്തംകോട് വാടക ക്വാർട്ടേഴ്സിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാൻ (41) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ റോഷൻ കാത്തൂണിനെയും ഇവരുടെ കാമുകൻ ബിഹാർ സ്വദേശി ഹസന്നാനെയും (38) പൊലീസ് കസ്റ്റഡിയിലെടുത്തു.
മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് മുഹമ്മദ് മുംതാബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഭാര്യയും കുടുംബാംഗങ്ങളും പൊലീസിനോട് ഇതേ കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ, മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് അസ്വാഭാവികമായ അടയാളങ്ങൾ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി.
പോസ്റ്റ്മോർട്ടത്തിന് മുമ്പുതന്നെ സംശയകരമായ സാഹചര്യങ്ങൾ പൊലീസ് സർജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ കഴുത്തിൽ തോർത്ത് മുറുക്കിയും മുഖവും വായയും പൊത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചാണ് മുഹമ്മദ് മുംതാബിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. ഇതോടെ കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കി ഭാര്യയെയും ഇവരുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലപ്പുറം ന്യൂസ്.
കെട്ടിടനിർമാണ തൊഴിലാളിയായ മുഹമ്മദ് മുംതാബും കുടുംബവും എട്ടുവർഷം മുമ്പാണ് ബിഹാറിൽനിന്ന് ജോലി തേടി തൃശൂരിലെത്തിയത്. ഇയാളുടെ മദ്യപാനത്തെച്ചൊല്ലി വീട്ടിൽ പതിവായി തർക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇതിനിടെ ഭാര്യ റോഷൻ കാത്തൂൺ ഹസന്നാനുമായി അടുപ്പത്തിലായി. ഇരുവരും ചേർന്ന് മുഹമ്മദ് മുംതാബിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കസ്റ്റഡിയിലുള്ള ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുന്നംകുളം എ.സി.പി ഷാജു കെ. എബ്രഹാം, സി.ഐ അനിൽകുമാർ ടി. മേപ്പുള്ളി, എസ്.ഐ രോഹിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു


