Headlines

ഒഡിഷയിൽ അപൂർവ്വ അവസ്ഥയുമായി കുഞ്ഞ് ജനിച്ചു; രണ്ട് തലയും കഴുത്തും, ശരീരം ഒന്ന്



ഭുവനേശ്വർ: ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ രണ്ട് തലകളും രണ്ട് കഴുത്തുകളുമുള്ള ആൺകുഞ്ഞ് ജനിച്ചു. ഒരു ശരീരത്തിൽ രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചത് അപൂർവ്വമായ വൈദ്യശാസ്ത്ര അവസ്ഥയായ ‘ഡൈസെഫാലിസ് പാരപാഗസ്’ മൂലമാണെന്നാണ് റിപ്പോർട്ട്. കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
ഒക്ടോബർ 10 ശനിയാഴ്ചയാണ് സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചത്. ജനനത്തിന് പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ബെർഹാംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് (എസ്.എൻ.സി.യു) മാറ്റി.
കന്ധമാൽ ജില്ലയിലെ തുമുദിബന്ധ് സ്വദേശിയായ ദിവസക്കൂലി തൊഴിലാളിയുടെ ആദ്യത്തെ കുഞ്ഞാണിത്. 32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുഞ്ഞ് ജനിച്ചത്. രണ്ട് തലകളും കഴുത്തുകളുമുണ്ടെങ്കിലും ഒരു ജോടി കൈകളും കാലുകളുമാണ് കുഞ്ഞിനുള്ളത്.
കുഞ്ഞിന്റെ ആന്തരികാവയവങ്ങളുടെ ഘടന, പ്രവർത്തനം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടർചികിത്സ സംബന്ധിച്ച തീരുമാനമെടുക്കുക.
വളരെ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. സംഭവത്തോടെ ഒഡിഷയിൽ നേരത്തേ ശ്രദ്ധനേടിയ ഇരട്ടത്തലയുള്ള ജഗ-കലിയ സഹോദരങ്ങളുടെ കഥയും വീണ്ടും ചർച്ചയാകുകയാണ്.
കുഞ്ഞിന്റെ ആരോഗ്യനിലയും തുടർചികിത്സയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് മെഡിക്കൽ ലോകം.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: