Headlines

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോള്‍ ചെയ്യുന്നയാളുടെ പേര് നവംബര്‍ 1 മുതല്‍ ഫോണ്‍ സ്ക്രീനില്‍

          

ഇന്ത്യൻ മൊബൈല്‍ നെറ്റ്‌വർക്കുകളില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്നുള്ള ഇൻകമിംഗ് കോളുകള്‍ വരുമ്പോള്‍, നമ്പരിനൊപ്പം വിളിക്കുന്ന ആളുടെ പേരും ഇനിമുതല്‍ കാണാൻ കഴിയും.

ഒക്ടോബർ 13-ലെ സർക്കുലർ പ്രകാരം, നവംബർ 1-നകം എല്ലാ ടെലികോം സേവന ദാതാക്കളും എല്ലാ സേവന മേഖലകളിലും ‘കോളിംഗ് നെയിം പ്രസന്റേഷൻ’ (സി.എൻ.എ.പി) സംവിധാനം നടപ്പിലാക്കണമെന്ന് ടെലികോം വകുപ്പ് ഉത്തരവിട്ടു.

ഉപയോക്താക്കളുടെ പ്രത്യേക അപേക്ഷയോ അനുവാദമോ ഇല്ലാതെ തന്നെ ഈ സേവനം ഫോണുകളില്‍ പ്രവർത്തനക്ഷമമാകും. നിലവിലുള്ളതുപോലെ കോളറുടെ നമ്പർ ഫോണില്‍ തെളിയുന്നതിനൊപ്പം പേര് കാണിക്കുന്ന രണ്ടാമതൊരു ഭാഗം കൂടി ഉണ്ടാകും. റിസീവറുടെ കോണ്‍ടാക്റ്റുകളില്‍ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ആ പേരായിരിക്കും ആദ്യം കാണിക്കുക. സേവ് ചെയ്തിട്ടില്ലാത്ത ഡൊമസ്റ്റിക് കോളുകള്‍ ആണെങ്കില്‍ വിളിക്കുന്നയാളുടെ ടെലികോം ഓപ്പറേറ്ററുടെ പക്കലുള്ള രേഖകളിലെ പേര് കാണിക്കും. എന്നാല്‍ അന്താരാഷ്ട്ര കോളുകള്‍ ആണെങ്കില്‍ “ഇന്റർനാഷണല്‍ കോള്‍” എന്ന് മാത്രമായിരിക്കും ഡിസ്പ്ലേ ചെയ്യുക. അതേസമയം, കോളിംഗ് ലൈൻ ഐഡന്റിഫിക്കേഷൻ റെസ്ട്രിക്ഷൻ (സി.എല്‍.ഐ.ആർ) തിരഞ്ഞെടുത്തിട്ടുള്ളവരുടെ പേരുകള്‍ സ്ക്രീനില്‍ തെളിയുകയില്ല.

4G-യും അതിനുശേഷമുള്ള സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന വയർലെസ് നെറ്റ്‌വർക്കുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. 2G, 3G, ലാൻഡ്‌ലൈൻ നെറ്റ്‌വർക്കുകള്‍ എന്നിവ പിന്നീട് പരിശോധിച്ച ശേഷം നടപ്പിലാക്കുന്ന കാര്യം പരിഗണിക്കും. വിളിക്കുന്ന ഓരോരുത്തരുടെയും നമ്പറുമായി ബന്ധപ്പെട്ട പേര് അതത് ഓപ്പറേറ്റർമാരുടെ ഡാറ്റാബേസില്‍ സൂക്ഷിക്കണം. കോള്‍ അവസാനിച്ചുകഴിഞ്ഞാല്‍ ആ പേര് സിസ്റ്റത്തില്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഇതില്‍ ഏർപ്പെടുത്തിയിട്ടുള്ളത്. ബിസിനസ്സ് അല്ലെങ്കില്‍ ബള്‍ക്ക് കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ജി.എസ്.ടി പോർട്ടലിലോ ട്രേഡ് മാർക്ക് രജിസ്ട്രിയിലോ ഉള്ള ഔദ്യോഗിക ബിസിനസ്സ് പേര് നല്‍കാൻ അനുവാദമുണ്ട്. ഇതിനായി ഓപ്പറേറ്റർമാർ രേഖകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തണം. കൂടാതെ, ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കേണ്ടതുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: