Headlines

വെറ്റിനറി മരുന്ന് ബോട്ടിലുകളിലാക്കി ‘കുട്ടികളുടെ മരുന്ന്’ നിര്‍മ്മിച്ച്‌ വില്‍പ്പന;മെഡിക്കല്‍ സ്റ്റോര്‍ ഉടമ അറസ്റ്റില്‍



       

സൂററ്റ് : മൃഗങ്ങള്‍ക്കായി നിർമ്മിച്ച ടോണിക്ക് പുനഃക്രമീകരിച്ച്‌ കുട്ടികള്‍ക്കുള്ള മരുന്നാണെന്ന വ്യാജേന ഇരട്ടി വിലയ്ക്ക് വിറ്റ സൂററ്റിലെ ഒരു മെഡിക്കല്‍ സ്റ്റോർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.

സൂറത്ത് സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പും ഫുഡ് ആൻഡ് ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷനും ചേർന്ന് നഗരത്തിലെ ഗോപിപുര പ്രദേശത്തെ ‘ശാന്തിനാഥ് മെഡിക്കല്‍ സ്റ്റോറില്‍’ ചൊവ്വാഴ്ച റെയ്ഡ് നടത്തുകയും സ്റ്റോർ ഉടമയായ മുഹമ്മദ് സാജിദ് ഇബ്രാഹിം മുല്ലയെ (51) അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് രാജ്ദീപ്സിംഗ് നകും വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

മരുന്ന് വാങ്ങി എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടവർ ഉടൻ തന്നെ ആവശ്യമായ വൈദ്യസഹായം തേടണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. മൃഗങ്ങള്‍ക്കായുള്ള ‘ഹിമാലയ ലിവ്.52 പ്രോട്ടെക് ലിക്വിഡ് വെറ്ററിനറി ഫീഡ് സപ്ലിമെന്റിന്റെ’ വലിയ കാനുകളില്‍ നിന്ന് ദ്രാവകം എടുത്ത ശേഷം, ചെറിയ 60 മില്ലി, 100 മില്ലി ബോട്ടിലുകളിലേക്ക് മാറ്റിയാണ് ഇയാള്‍ വിറ്റിരുന്നത്. കുട്ടികള്‍ക്ക് നല്‍കുന്ന ‘ഹിമാലയ ലിവ്.52 ഡ്രോപ്സ്’ എന്ന പീഡിയാട്രിക് ഉല്‍പ്പന്നത്തിന്റെ വ്യാജ ലേബലുകള്‍ ഈ ബോട്ടിലുകളില്‍ ഒട്ടിച്ച്‌, കുട്ടികള്‍ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇരട്ടി വിലയ്ക്കാണ് ഇയാള്‍ ഈ ഉല്‍പ്പന്നം വിറ്റിരുന്നതെന്നും, പരിശോധനയില്‍ 31,195 രൂപ വിലമതിക്കുന്ന മരുന്നും സാധനങ്ങളും പോലീസ് പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ 123 (വിഷം ഉപയോഗിച്ച്‌ ഉപദ്രവമുണ്ടാക്കല്‍), 125 (മനുഷ്യന്റെ ജീവന് ആപത്തായേക്കാവുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവൃത്തി), 336 (വ്യാജരേഖ ചമയ്ക്കല്‍), 278 (ഒരു മരുന്ന് മറ്റൊരു മരുന്നാണെന്ന് പറഞ്ഞ് വില്‍ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം അത്വ പോലീസ് പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: