തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ സിനിമാ തിയേറ്ററിൽ വെച്ച് സുഹൃത്തിനൊപ്പം സിനിമ കാണുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തിരുവല്ലം സ്വദേശിയായ ശ്രീജിത്ത് എന്നയാളെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിലായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിനിയും തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലനം നടത്തുന്നതുമായ യുവതി സുഹൃത്തിനൊപ്പം ‘ജയിലർ-2’ സിനിമ കാണുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്. സിനിമ കണ്ടുകൊണ്ടിരിക്കെ പ്രതി യുവതിയുടെ ശരീരത്തിൽ മനഃപൂർവ്വം സ്പർശിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പെട്ടെന്നുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ഉച്ചത്തിൽ ബഹളം വെച്ചതോടെ പ്രതി ഭീഷണിയുമായി രംഗത്തെത്തി. താൻ നഗരത്തിലെ അറിയപ്പെടുന്ന കൊടും ഗുണ്ടയാണെന്നും പോലീസിനെ വിവരമറിയിച്ചാൽ ജീവനോടെ വെച്ചേക്കില്ലെന്നും ഭീഷണിപ്പെടുത്തി ഇയാൾ തിയേറ്ററിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് യുവതിയും സുഹൃത്തും ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.
വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഫോർട്ട് സി.ഐ ആർ.എസ്. ശ്രീകാന്ത്, എസ്.ഐമാരായ ജഗ്മോഹൻ, ജയപ്രകാശ്, സി.പി.ഒമാരായ ദിനു, ബിനീഷ് എന്നിവരടങ്ങിയ സംഘം തിയേറ്റർ പരിസരത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾ തലസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടനവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയാണെന്ന് പോലീസ് കണ്ടെത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിനിമാ തിയേറ്ററുകൾ, മാളുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ ഐ.പി.എസ് മുന്നറിയിപ്പ് നൽകി.


