കൊച്ചി:നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകുമെന്ന് പ്രതി സുഹൈൽ സജീവിൻ്റെ മാതാവ് നൂഹ. മക്കൾ നഷ്ടപ്പെട്ട വേദന അമ്മയെന്ന നിലയിൽ മനസിലാകുമെന്ന് ഇവർ പറഞ്ഞു. ആ കുടുംബങ്ങൾ ഒറ്റയ്ക്കാകില്ല. മകന്റെ ഭാവിയെ ഓർത്ത് ആശങ്കയുണ്ട്. സ്വകാര്യത മാനിക്കണമെന്നും നൂഹ പറഞ്ഞു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് നൂഹ ഇക്കാര്യങ്ങൾ പറഞ്ഞത്.
നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്ന് വിഡിയോയിൽ നൂഹ പറഞ്ഞു. ഒരുപാട് സ്വപ്നങ്ങൾ കണ്ട് വളർത്തിയ മക്കൾ നഷ്ടപ്പെടുമ്പോൾ ഈ കുടുംബങ്ങൾക്ക് ചിന്തിക്കാനാകാത്ത വേദനയുണ്ടാകുമെന്ന് അറിയാം. എന്തുപറഞ്ഞാലും മരണം വരെയുള്ള അവരുടെ ഈ വേദന അവസാനിക്കില്ലെന്നും അറിയാം. അവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു. സത്യസന്ധമായ അന്വേഷണം നടക്കട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്നും നൂഹ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നത് കാണുന്നുണ്ട്. എല്ലാവർക്കും ഞങ്ങളോടുള്ള ദേഷ്യം തോന്നുമെന്ന് അറിയാം. ദുഷ്കരമായ അവസ്ഥയിൽ കുറച്ച് സ്വകാര്യത നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങളും സാധാരണ മനുഷ്യർ തന്നെയാണ്. ഞാനൊരു അമ്മയാണെന്ന് കൂടി ഓർക്കണം. എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ മറ്റൊരു വശത്തുണ്ട്. ഇത്രയും കാലം എഴുന്നേറ്റിരിക്കാൻ പോലുമുള്ള അവസ്ഥ എനിക്കുണ്ടായിരുന്നില്ല. അമ്മയെന്ന നിലയിലും സംരംഭക എന്ന നിലയിലും ആ കുടുംബങ്ങൾക്ക് ഞങ്ങൾ പിന്തുണ നൽകും. നൂഹ കൂട്ടിച്ചേർത്തു.


