ആലപ്പുഴ:തൃക്കുന്നപ്പുഴ പി.എച്ച്.സി.ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കാർത്തികപ്പള്ളി സ്വദേശിനി താരയുടെ രണ്ടുവയസ്സുകാരനായ മകൻ രാഹുലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുറച്ചുനാളുകൾക്ക് മുമ്പ് ഗർഭിണിയായ താരയും അഞ്ചു മക്കളും മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ കഴിയുന്ന വിവരം പൊതുപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അധികൃതരുടെ ഇടപെടലിലൂടെ താരയെയും കുട്ടികളെയും ഗാന്ധിഭവനിൽ എത്തിച്ചു. എന്നാൽ, കുറച്ചുദിവസങ്ങൾക്കുശേഷം അവിടെ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് ഇവർ തിരികെ പോരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പ്രസവവേദന അനുഭവപ്പെട്ട താരയെ നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് വീട്ടിൽ രണ്ടുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാൽ നെറുകയിൽ കയറിയാണ് കുട്ടി മരിച്ചതെന്നാണ് പിതാവ് പറയുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. എന്നാൽ, മരണസാഹചര്യത്തിൽ വ്യക്തത വരുത്തണമെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കുട്ടികൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യങ്ങൾ മുൻപും പൊതുപ്രവർത്തകർ ഇടപെട്ട് ഒരുക്കിയിരുന്നുവെന്നും, പിന്നീട് അവ ഉപേക്ഷിച്ച് മടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി പരിശോധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും, ശേഷിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


