കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസിൽ പിണറായി വിജയൻ വെള്ളിയാഴ്ച ഇഡിയ്ക്ക് മുന്നിൽ ഹാജരായേക്കില്ല. വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി പിണറായിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നാണ് പിണറായിയുടെ തീരുമാനം. നിയമസഭ സമ്മേളനവും, പ്രതിപക്ഷ നേതാവിന്റെ ചുമതലകളും ചൂണ്ടിക്കാട്ടിയാകും അദ്ദേഹം ഹാജരാകാതിരിക്കുക. 29വരെയാണ് നിലവിൽ നിയമസഭാ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാൻ കഴിയുന്ന വിവരം പിണറായി ഇഡിയെ അറിയിക്കും. നാളെ മുതൽ സിപിഎം സംസ്ഥാനസമിതിയോഗവും ചേരാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് പിണറായി ഇഡിയെ അറിയിക്കും. തിരുവന്തപുരത്തെ പിണറായിയുടെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി പതിപ്പിച്ച സമൻസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ടെത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് യാതിരുവിധ സേവനങ്ങളും ചെയ്തുനൽകാതെ വീണയുടെ കമ്പനിയായ എക്സ്‍ആലോജിക് സൊല്യൂഷൻസ് മാസപ്പടി കൈപ്പറ്റിയെന്ന കേസിലാണ് ഇഡി നോട്ടീസ്. സുപ്രീംകോടതിയിലെ അപ്പീലിൽ വിധി വരുന്നത് വരെയും നിലവിലുള്ള നിയമനടപടികളുടേയും അടിസ്ഥാനത്തിൽ ഹാജരാകേണ്ടതില്ലെന്ന നിയമോപദേശം പിണറായിക്ക് ലഭിച്ചെന്നാണ് വിവരം. പിണറായിയുടെ വീട്ടിൽ ഇഡി നേരിട്ടെത്തി ചുവരിൽ നോട്ടീസ് പതിപ്പിച്ച് പോയതിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.വീട്ടിൽ പതിച്ച നോട്ടീസിൽ കഴിഞ്ഞ പത്തുവര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍, ബാങ്ക് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങള്‍, സ്വത്തുവിവരങ്ങളും പാസ്‌പോര്‍ട്ട് രേഖകളും, സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ എന്നിവ എത്തിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.


