Headlines

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങളിൽ മാറ്റം; പാസ്പോർട്ട് കൈപ്പറ്റാൻ പുതിയ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു




അബുദാബി: യുഎഇയിലെ നാല് ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന്, അവിടെ പാസ്പോർട്ടിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സർവീസ് പങ്കാളികളായ അൽ ഹിന്ദ് ആണ് പാസ്പോർട്ടുകൾ കൈപ്പറ്റുന്നതിനുള്ള ബദൽ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരം അറിയിച്ചത്.

പുതിയ ക്രമീകരണമനുസരിച്ച്, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഷാർജ അൽ മജാസ് കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയവർ ഇനി ബർ ദുബായിലെ യു.ഡബ്ല്യു. മാളിലുള്ള അൽ ഹിന്ദ് സെന്ററിൽ നിന്ന് പാസ്പോർട്ട് കൈപ്പറ്റണം.

അതേസമയം, അബുദാബിയിലെ മുസഫ, അൽ റീം കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയവർക്ക് പാസ്പോർട്ട് വിതരണം അൽ ദാന സെന്ററിൽ നിന്നായിരിക്കും. പൂട്ടിയ കേന്ദ്രങ്ങളിലേക്ക് പോകാതെ അധികൃതർ നിർദേശിച്ച പുതിയ കേന്ദ്രങ്ങളിലെത്തിയാണ് രേഖകൾ കൈപ്പറ്റേണ്ടത്.

ബർ ദുബായിൽ 45 കൗണ്ടറുകളുള്ള വിപുലമായ സൗകര്യമാണ് അൽ ഹിന്ദ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ, അൽ ദാന, അൽ ഐൻ, മദീനത് സായിദ്, ഘയാതി എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ പതിവുപോലെ പ്രവർത്തനം തുടരും.

അടിയന്തര സേവനങ്ങൾ ആവശ്യമുള്ളവർക്ക് എംബസി പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. തത്കാൽ പാസ്പോർട്ട്, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റ്, 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാരുടെ അപേക്ഷകൾ എന്നിവയ്ക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ശേഷിക്കുന്ന 12 കേന്ദ്രങ്ങളിലും ‘ആദ്യം വരുന്നവർക്ക് ആദ്യം’ എന്ന അടിസ്ഥാനത്തിൽ സേവനം ലഭിക്കും.

എല്ലാ കേന്ദ്രങ്ങളും രാവിലെ 8.00 മുതൽ വൈകിട്ട് 6.00 വരെ പ്രവർത്തിക്കും. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തവർക്ക് നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ പ്രവേശനം അനുവദിക്കൂ. പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ഔദ്യോഗിക പോർട്ടലിൽ ദിവസവും രാവിലെ 9.00 മണിക്കും രാത്രി 9.00 മണിക്കും ലഭ്യമാകും.

ഭരണപരമായ കാരണങ്ങളാൽ ഒക്ടോബർ 22 മുതൽ അബുദാബിയിലെ മുസഫ, അൽ റീം, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് 1, ഷാർജയിലെ അൽ മജാസ് എന്നീ നാല് ഐസിഎസി കേന്ദ്രങ്ങളും പൂർണമായി  അടച്ചിരുന്നു. ഇതോടെ യുഎഇയിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ എണ്ണം 16ൽ നിന്ന് 12 ആയി കുറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: