Headlines

തേനി ജയിൽ ചാട്ടം: രക്ഷപ്പെട്ട17 തടവുകാരിൽ 4 പേർ പിടിയിൽ; ബാക്കിയുള്ളവർക്കായി തിരച്ചിൽ ശക്തം

   

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേരെ പൊലീസിന്റെ പിടിയിൽ. പ്രവീൺ കുമാർ, ചിലമ്പരശൻ, രാജ്കുമാർ, രാജാ സിക്കന്ദർ എന്നിവരാണ് പിടിയിലായ തടവുകാർ. രക്ഷപ്പെട്ട ബാക്കി 13 പ്രതികൾക്കായി ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്. പൊലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ രക്ഷപ്പെട്ടോടിയത്.

തടവുകാർ രക്ഷപ്പെട്ടത് വ്യക്തമായ പദ്ധതിയിലൂടെയെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വൈകി തടവുകാർ നടത്തിയ ‘അപസ്മാര നാടകമാണ്’ ജയിൽചാട്ടത്തിന് വഴിയൊരുക്കിയത്. ഒരേ സെല്ലിൽ കഴിയുകയായിരുന്ന തടവുകാരിൽ ഒരാൾക്ക് കഠിനമായ അസുഖമാണെന്ന് തടവുകാർ നിലവിളിച്ചതോടെയാണ് അധികൃതരെത്തിയത്. വൈദ്യസഹായം നൽകാനായി ജയിൽ ജീവനക്കാർ വാതിൽ തുറന്ന നിമിഷം, ഉള്ളിലുണ്ടായിരുന്നവർ ഒന്നടങ്കം ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കീഴടക്കുകയും ഇരുട്ടിന്റെ മറവിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു.

തടവുകാരുടെ പെട്ടെന്നുള്ള ഈ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഗ്രേഡ് II പോലീസ് കോൺസ്റ്റബിൾ തങ്കപാണ്ഡിയെ ജി. വിളക്കിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് നിസ്സാര പരിക്കുകളേറ്റു. ജീവനക്കാരെ അക്രമത്തിലൂടെ തളർത്തിയ ശേഷം ജയിൽ വളപ്പിൽ നിന്ന് പുറത്തുകടന്ന തടവുകാർ രാത്രിയുടെ മറവിൽ സമീപ പ്രദേശങ്ങളിലേക്ക് ചിതറിയോടുകയായിരുന്നു..

രക്ഷപ്പെട്ട തടവുകാരെ പിടികൂടാനായി 17 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. വിവിധ ജില്ലകളെ ഏകോപിപ്പിച്ച് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ജയിൽ ചാടിയവരിൽ നാല് പേരെ പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. ഇതിൽ മധുര സ്വദേശിയായ ഒരു തടവുകാരനെ ജയിലിന് തൊട്ടുപിന്നിലെ കാടുമൂടിയ മേഖലയിൽ ഒളിച്ചിരിക്കവേയാണ് പോലീസ് പിടികൂടിയത്.

രക്ഷപ്പെട്ട വിചാരണത്തടവുകാരുടെ വിവരങ്ങളും ചിത്രങ്ങളും തേനി ജില്ലാ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കറുപ്പസാമി (എലിയാസ് മദൻ), തരുൺ കുമാർ, രാജ്കുമാർ, പാണ്ടിസെൽവം, തിരുപ്പതി, പൊൻമുത്തുചെൽവൻ, മീനാക്ഷി സുന്ദരം, ശബരിനാഥൻ, റെജിൻ, നിഷാന്ത്, മുത്തു ഇളങ്കോവൻ, കാർത്തിക് രാജ, പ്രശാന്ത് (എലിയാസ് ലിംഗ പ്രശാന്ത്), രാജ സിക്കന്ദർ, ചിലമ്പരശൻ, സോലൈ മുകിലേശ്വരൻ എന്നിവരാണ് ചാടിപ്പോയ തടവുകാർ. തടവുകാരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തേനി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ (9498101570) കൺട്രോൾ റൂമിലോ (9176104100) വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: