Headlines

എങ്ങനെ അന്വേഷണം നടത്തണമെന്ന് ഉദ്യോഗസ്ഥരെ പഠിപ്പിക്കണം; യുപി പോലിസിനോട് സുപ്രിംകോടതി;കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം





ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ വിചാരണത്തടവുകാരനായി ആറര വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നശേഷം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നൽകി

യു പി പോലിസിന്റെ അന്വേഷണത്തെയും പ്രോസിക്യൂഷനെയും കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് സംസ്ഥാന പോലിസിന് നന്നായിരിക്കും’ എന്നും കോടതി പറയുകയുണ്ടായി. ‘വെറും ഊഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച ഒരു കഥ കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ ആറ് വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. പ്രാഥമികമായ ഒരന്വേഷണം പോലും നടന്നില്ല. ഏതുവിധേനയും പ്രതിയെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെ മാത്രമാകരുത് അന്വേഷണ ഏജന്‍സികളും പ്രോസിക്യൂഷന്‍ വിഭാഗങ്ങളും നിലനില്‍ക്കേണ്ടത്’-ബെഞ്ച് നിരീക്ഷിച്ചു.  ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. അനുചിതമായ ഒരു അന്വേഷണത്തിന് എങ്ങനെ ഒരാളുടെ ജീവിതവും സ്വാതന്ത്ര്യവും അപകടത്തിലാക്കാന്‍ സാധിക്കുമെന്ന് ഈ കേസ് വ്യക്തമാക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇരകള്‍ക്കും പരാതിക്കാര്‍ക്കും മാത്രമല്ല, കുറ്റക്കാരനാണെന്ന് തെളിയുംവരെ നിരപരാധിയായി കണക്കാക്കപ്പെടുന്ന പ്രതികള്‍ക്കും നീതി ഉറപ്പാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കണമെന്ന് കോടതി പറഞ്ഞു. ‘കുറ്റാരോപിതനായ ഒരാള്‍ കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ നിരപരാധിയാണെന്ന് കരുതപ്പെടുമ്പോള്‍, പ്രത്യേകിച്ച് പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാനത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അന്വേഷണ, പ്രോസിക്യൂഷന്‍ ഏജന്‍സികള്‍ കേവലം ശിക്ഷ ഉറപ്പാക്കാന്‍വേണ്ടി മാത്രമുള്ളതല്ല, ഏത് മാര്‍ഗത്തിലൂടെയും അത് നടപ്പിലാക്കാനുള്ളതുമല്ല. ഇരയ്ക്കും പരാതിക്കാരനും പരിക്കേറ്റയാള്‍ക്കും മാത്രമല്ല, പ്രതിക്കും നീതി ഉറപ്പാക്കിക്കൊണ്ട്, നീതിന്യായ വ്യവസ്ഥയിലെ പ്രധാന പങ്കാളികളാണ് തങ്ങള്‍ എന്ന് അവര്‍ തിരിച്ചറിയണം. ഇത്തരം നീതിനിഷേധങ്ങള്‍ നമ്മള്‍ പല കാര്യങ്ങളിലും കാണാറുണ്ട്, എന്നാല്‍ ചിലതില്‍, ഈ കേസിലെന്നപോലെ വളരെ പ്രകടവും ഞെട്ടിക്കുന്നതുമാണ്.’- കോടതി പറഞ്ഞു.  ആഗ്രയില്‍ 2019 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സംഭവത്തിനാസ്പദം. ഐപിസി 364 (കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തത്. 2019 നവംബര്‍ 14 മുതല്‍ ഇയാള്‍ കസ്റ്റഡിയിലാണ്. ദീര്‍ഘകാലമായുള്ള തടങ്കലില്‍ കഴിയുന്നതും കേസ് പൂര്‍ണമായും സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യവും പരിഗണിച്ച്, 2026 മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ട്, മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിം കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.  വിചാരണയ്‌ക്കൊടുവില്‍ ഹരജിക്കാരനെ കോടതി വെറുതെവിടുകയും ചെയ്തു. തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ എങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കാന്‍ സുപ്രിം കോടതി വിചാരണക്കോടതിയുടെ വിധിന്യായത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടത്. വിവര്‍ത്തനം ചെയ്ത വിധിന്യായം പരിശോധിച്ച കോടതി, അന്വേഷണം നടന്ന രീതിയോടുള്ള തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തി. എഫ്.ഐ.ആറിലോ ക്രിമിനല്‍ നടപടിക്രമം സെക്ഷന്‍ 161 പ്രകാരം രേഖപ്പെടുത്തിയ പരാതിക്കാരന്റെ മൊഴിയിലോ ഹരജിക്കാരന്റെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളുടെയും കൂട്ടുപ്രതിയുടെ സമ്മതമൊഴിയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തത്. വിചാരണയ്ക്കിടയില്‍ കൂട്ടുപ്രതി മരിച്ചു, മറ്റൊരു പ്രതിയായ അദ്ദേഹത്തിന്റെ മാതാവ് ഒളിവിലാണ്. വിചാരണ നേരിട്ട ഏക പ്രതി ഹരജിക്കാരനാണ്. അന്വേഷണം നടത്തിയ രീതിയെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.  ‘ഹരജിക്കാരനെതിരെ യാതൊരു തെളിവുമില്ലാതിരുന്നിട്ടും, വിചാരണത്തടവുകാരനായി അദ്ദേഹം ആറ് വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്. അശ്രദ്ധമായ അന്വേഷണത്തെത്തുടര്‍ന്ന്, യാതൊരു കൃത്യതയുമില്ലാത്ത രീതിയിലാണ് പ്രോസിക്യൂഷന്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോയത്; ഭാഗ്യവശാല്‍, ഇത് പ്രതിയുടെ കുറ്റവിമുക്തിയില്‍ കലാശിച്ചു. അന്വേഷണം നടത്തിയ രീതിയെയും പ്രോസിക്യൂഷന്‍ നടപടികളെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങള്‍ ആദ്യം സൂചിപ്പിച്ചതുപോലെ, വിചാരണ പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ട ഒരു ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ ഇവിടെ ഇടപെട്ടത്. ആ വിചാരണയിലൂടെ വിചാരണ നേരിട്ട ഏക പ്രതി വെറുതെ വിടപ്പെടുകയും ചെയ്തു. അന്വേഷണങ്ങള്‍ നടത്തുന്ന രീതിയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ മാത്രമാണ് ഞങ്ങള്‍ വിധിന്യായം പരിശോധിക്കാന്‍ വിലയേറിയ സമയം ചെലവഴിച്ചത്. അന്വേഷണ പ്രക്രിയയില്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിക്കാന്‍ സംസ്ഥാന പോലിസ് തയ്യാറാകണം’- സുപ്രിംകോടതിയുടെ വിധിന്യായത്തില്‍ പറയുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: