ആര്യനാട്: ഇന്ത്യയിലെ ആദ്യത്തെ സംഘടിത യുവജന പ്രസ്ഥാനമായ എഐവൈഎഫിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം ഒക്ടോബർ 30, നവംബർ 1 തീയതികളിൽ ആര്യനാട് വെച്ച് നടക്കുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 31, നവംബർ 1 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 260 പ്രതിനിധികൾ പങ്കെടുക്കും.
ഒക്ടോബർ 30ന് നെയ്യാറ്റിൻകരയിൽ നിന്നും അനുജ എ ജി ക്യാപ്റ്റനായ കൊടിമര ജാഥയും, കുടപ്പനക്കുന്നിൽ നിന്നും അൽജിഹാൻ ക്യാപ്റ്റനായ പതാക ജാഥയും, ആനന്ദേശ്വരത്ത് നിന്നും ശരൺ ശശാങ്കൻ ക്യാപ്റ്റനായ ബാനർ ജാഥയും, ആര്യനാട് സംഗമിക്കും. എ എസ് ആനന്ദകുമാർ, മാങ്കോട് രാധാകൃഷ്ണൻ, വി പി ഉണ്ണികൃഷ്ണൻ എന്നിവർ ജാഥകൾ ഉദ്ഘാടനം ചെയ്യും. ജാഥാ സംഗമവും പൊതുസമ്മേളനവും സിപിഐ ദേശീയ കൗൺസിലംഗം ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 31 രാവിലെ കാനം രാജേന്ദ്രൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സമ്മേളനം ശക്തമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും എന്ന് സംഘാടകർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
സി.പി.ഐ. ജില്ലാ അസിസ്റ്റന്റ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംഘടക സമിതി ചെയർമാർ എം.എസ്. റഷീദ്, ജനറൽ കൺവീനർ കണ്ണൻ എസ് ലാൽ, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി ആദർശ് കൃഷ്ണ, തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു


