Headlines

ഒരു മാസം നീണ്ട അന്വേഷണം; തമിഴ്‌നാട്ടില്‍ കാണാതായ ഒരു വയസുകാരിയെ ആന്ധ്രയില്‍ കണ്ടെത്തി, അഞ്ച് പേര്‍ അറസ്റ്റില്‍



       

ചെന്നൈ : തമിഴ്‌നാട്ടില്‍ ഒരു മാസം മുമ്പ് കാണാതായ ഒരു വയസുകാരിയെ ആന്ധ്രാപ്രദേശില്‍നിന്ന് കണ്ടെത്തി. റാണിപ്പേട്ട് ജില്ലയില്‍നിന്ന് കാണാതായ മഹേശ്വരിയെയാണ് പ്രത്യേക പൊലീസ് സംഘം കണ്ടെത്തി രക്ഷപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതാണോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്.

സെപ്റ്റംബർ 23-നാണ് ലാലാപേട്ട് സ്വദേശികളായ ശേഖർ (46), പ്രേമ (23) ദമ്പതികളുടെ മകള്‍ മഹേശ്വരിയെ കാണാതായത്. റാണിപ്പേട്ടിലെ സിപ്പ്‌കോട്ടിന് സമീപം റോഡരികില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു കുഞ്ഞ്. അലഞ്ഞുതിരിഞ്ഞ് ജീവിക്കുന്ന കുടുംബം ഉപേക്ഷിക്കപ്പെട്ട കുപ്പികള്‍ ശേഖരിച്ചും ഭിക്ഷയെടുത്തുമാണ് ഉപജീവനം നടത്തിയിരുന്നത്.

*കുഞ്ഞിനെ കൈമാറിയെന്ന് സംശയം*

പൊലീസ് അന്വേഷണത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശിനിയായ മല്ലേശ്വരി (44)യിലേക്ക് അന്വേഷണം നീളുകയായിരുന്നു. ലാലാപേട്ടിലെ ദമ്പതികളുമായി ഇവർക്ക് പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം. ഭൂപതി (42), കൗസല്യ (40) എന്നിവർ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മല്ലേശ്വരിക്ക് കൈമാറിയെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സംശയിക്കുന്നത്.

24 വർഷം മുമ്പ് വിവാഹിതയായ മല്ലേശ്വരിക്ക് കുട്ടികളില്ലെന്നും ഭർത്താവ് ഏകദേശം 20 വർഷം മുമ്പ് ഉപേക്ഷിച്ചുപോയെന്നുമാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ എയർ കണ്ടീഷൻ ചെയ്ത മുറിയില്‍നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഒരു മാസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസിന് കുഞ്ഞിനെ കണ്ടെത്താനായത്.

സന്തോഷ്, കുമാർ, ഭൂപതി, കൗസല്യ, മല്ലേശ്വരി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൈമാറിയതിന് പണം നല്‍കിയിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: