എറണാകുളം : ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ രണ്ടാം പ്രതിയായ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ന്യായാധിപനായ പ്രതി രക്ഷപ്പെടാന്‍ അടവുപയറ്റുകയാണെന്ന് കുടുംബം ആരോപിച്ചു.
ഗസറ്റഡ് റാങ്കിന് മേലെയിരിക്കുന്ന വ്യക്തിയാണ് പ്രതിഭാഗത്തിരിക്കുന്ന ജഡ്ജ്. അതുകൊണ്ടാണ് ജാമ്യത്തിന് വേണ്ടി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് എന്നാണ് ഞങ്ങളെ ജില്ലാ ജഡ്ജ് അറിയിച്ചത്. പ്രതിയായ ജഡ്ജിനെ അറസ്റ്റ് ചെയ്യുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടില്ല. നിലവില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ജഡ്ജ് ഊരിപ്പോരാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഞങ്ങളുടെ വാദം കേട്ടിട്ടില്ല – കുടുംബം പറഞ്ഞു.
ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി ചോദിച്ചു. തെളിവ് നശിപ്പിച്ചെങ്കില്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്പില് ഹാജരാവാന്‍ കോടതി നിര്‍ദേശം നല്കി.
വാഹനാപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയതില്‍ കോടതിക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിശദീകരണം നല്‍കിയിരുന്നു. പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാനാണ് ജില്ലാ ജഡ്ജിയുടെ അനുമതി വേണ്ടതെന്നും ജഡ്ജിയുടെ വിശദീകരണം.


